10:27pm 17 October 2026
NEWS
“ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: കെ സുധാകരൻ
17/10/2026  08:11 PM IST
nila
“ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: കെ സുധാകരൻ

കള്ളപ്പണ ഇടപാടിൽ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് നൽകിയതിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സമൻസ് എത്തേണ്ടിടത്ത് എത്തിയെന്നും ഇനി സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. നടപടി സ്വീകരിക്കാൻ എത്രപേർ നട്ടെല്ല് കാണിക്കുമെന്ന് നോക്കാമെന്നും സുധാകരൻ പ്രതികരിച്ചു.

“ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല. തീരുമാനമെടുക്കാൻ പ്രാപ്തരായ മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരും ഇവിടെയുണ്ട്. കുറച്ചുകൂടി കടുപ്പിക്കാമായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സർക്കാരിന്റെ ഭാഗത്ത് പിഴവുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ വിഷയത്തെ കുറച്ചുകൂടി ഗൗരവത്തോടെ സമീപിക്കാമായിരുന്നു,” സുധാകരൻ പറഞ്ഞു.

മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ടെന്നും വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള നേതാവാണ് അദ്ദേഹമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പിണറായിയുടെ വസതിയിൽ സമൻസ് പതിപ്പിച്ച് ഇ.ഡി

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയന് സമൻസ് നൽകുന്നതിനായി തിരുവനന്തപുരത്തെ ബേക്കറി ജംക്‌ഷനിലുള്ള സ്വകാര്യ വസതിയിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ, നോട്ടീസ് പതിപ്പിച്ചാണ് മടങ്ങിയത്. സാമ്പത്തിക രേഖകളുമായി നിശ്ചിത തീയതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശമെന്നാണ് റിപ്പോർട്ട്.

രാവിലെ 9.30ഓടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ ആദ്യം വസതിയിലെത്തിയത്. എന്നാൽ പിണറായി വിജയൻ വീട്ടിലുണ്ടായിരുന്നില്ല. സമൻസ് കൈപ്പറ്റാൻ കുടുംബാംഗങ്ങളും സഹായികളും തയ്യാറായില്ലെന്നാണ് വിവരം. തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി.

പിന്നീട് 11.30ഓടെ വീണ്ടും എത്തിയ സംഘം നോട്ടീസ് വീട്ടിൽ പതിപ്പിക്കുമെന്നും അതിന് സാക്ഷികളായി ഒപ്പിടണമെന്നും അറിയിച്ചു. ഇതിനും വീട്ടിലുള്ളവർ വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് ഉച്ചയ്ക്ക് 12.45ഓടെ മ്യൂസിയം പൊലീസിനൊപ്പമെത്തിയ ഉദ്യോഗസ്ഥർ പൊലീസ് സാന്നിധ്യത്തിൽ വസതിയുടെ ചുവരിൽ സമൻസ് പതിപ്പിച്ചു.

നേരത്തെ പരിശോധനയ്ക്കായി എത്തിയപ്പോൾ ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതായി ആരോപണമുയർന്ന അതേ വസതിയിലാണ് ഇത്തവണ സമൻസ് പതിപ്പിച്ചതെന്നതും ശ്രദ്ധേയമായി.

ചോദ്യം ചെയ്യലിന് ഉന്നതതല സംഘം എത്തിയേക്കും

പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡിയുടെ ചെന്നൈയിലെ സ്പെഷൽ ഡയറക്ടറും ഡൽഹി ആസ്ഥാനത്തുനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സമൻസിൽ നിർദേശിച്ച തീയതിയിൽ പിണറായി വിജയൻ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവിന്റെ ചുമതലകൾ നിർവഹിക്കേണ്ടതുണ്ടെന്ന കാര്യം ഇ.ഡിയെ അറിയിച്ചേക്കുമെന്നാണ് സൂചന. സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ള കാര്യവും അന്വേഷണ ഏജൻസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മറ്റൊരു തീയതിയിൽ ഹാജരാകാൻ ആവശ്യപ്പെടുമോയെന്നതും വ്യക്തമല്ല.

പിണറായിയുടെ വസതിയിലെത്തി സിപിഎം നേതാക്കൾ

ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ വി. ശിവൻകുട്ടി, വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ സിപിഎം നേതാക്കൾ പിണറായി വിജയന്റെ വസതിയിലെത്തി. സമൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം.

അതേസമയം, ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന് ഉടൻ സമൻസ് അയയ്ക്കാൻ ഇ.ഡി പദ്ധതിയിടുന്നില്ലെന്നാണ് സൂചന. ആദ്യം പിണറായി വിജയനെ ചോദ്യം ചെയ്തശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കമെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

ഇ.ഡി നടപടിയെ രാഷ്ട്രീയവേട്ടയായി ചിത്രീകരിച്ച് പ്രതിരോധിക്കാനാണ് സിപിഎമ്മിന്റെ നീക്കമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ. കേസിലെ തുടർനടപടികളും പിണറായി വിജയന്റെ പ്രതികരണവും ഇനി നിർണായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img